പുത്തൻപുരക്കൽ ഇക്കാക്കോ കത്തനാരുടെ 248 -ആം ഓർമ്മ ദിനം


പുത്തൻപുരക്കൽ  ഇക്കാക്കോ കത്തനാരുടെ 248 -ആം ഓർമ്മ ദിനം

ചമ്പക്കുളം കല്ലൂർക്കാട് മർത്ത മറിയം ബസിലിക്ക ഇടവകക്കാരനായിരുന്ന പുത്തൻപുരക്കൽ  ഇക്കാക്കോ കത്തനാരുടെ രക്ത സാക്ഷിത്വത്തിന്റെ 248 ആം വാർഷികം ഈ വരുന്ന ഫെബ്രുവരി 13 -ആം തീയതിയാണ് .
അന്നേ ദിവസം രാവിലെ  7 .00 മണിക്ക് കല്ലൂർക്കാട് മർത്ത മറിയം ബസിലിക്കയിൽ അദ്ദേഹത്തിന്റെ സ്മരണക്കായി പരിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്നതാണ്.

ഇക്കാക്കോ കത്തനാർ ഇടപ്പള്ളി പള്ളിയിലെ വികാരിയായിരിക്കെ വിദേശ മിഷനറി മാരുടെ ക്രൂരതക്കും പീഡനത്തിനും വിധേയനായി കൊല്ല വർഷം 946 കുംഭം 5 ബുധനാഴ്ച (AD 1771 ഫെബ്രുവരി 13 ) ദിവംഗതനായി. അവസാന ദിനങ്ങളിൽ  കുമ്പസ്സാരിച്ചു കുർബാന സ്വീകരിക്കുന്നതിനു വേണ്ടി അപേക്ഷിച്ചിട്ട് അതുപോലും അനുവദിക്കാതിരുന്ന മിഷനറിമാർ അദ്ദേഹത്തിന്റെ ശരീരം ഒരു പായയിൽ പൊതിഞ്ഞുകെട്ടി വരാപ്പുഴ പള്ളിയുടെ പറമ്പിലുള്ള ഒരു കുളത്തിന്റെ സമീപം അടക്കി എന്ന് വർത്തമാന പുസ്തകത്തിന്റെ രചയിതാവായ പാറേമ്മാക്കൽ തൊമ്മൻ കത്തനാർ (പാറേമ്മാക്കൽ ഗോവർണദോർ )രേഖപ്പെടുത്തിയിട്ടുണ്ട് .
.തുടര്ന്നു തിരുവിതാംകൂർ  മഹാരാജാവിന്റെ ഒരു മന്ത്രി AD 1778  ൽ ഈ കാര്യത്തിൽ കുറ്റ വിചാരണ നടത്തി   ഇതിൽ കർമലീത്താ മിഷനറിമാർ കുറ്റക്കാരാണെന്ന് വിധിക്കുകയും രണ്ടു പാതിരിമാർ പിഴയടക്കാമെന്നു സമ്മതിക്കുകയും ചെയ്തിട്ടുള്ളതായി വിവിധ ചരിത്രകാരന്മാർ  രേഖപ്പെടുത്തിയിട്ടുണ്ട്. (വർത്തമാന പുസ്തകം വടവാതൂർ 1989 പേജ് 52 )

AD 1774  ൽ തന്നെ റോമിലെ പ്രൊപ്പഗാണ്ട തിരുസംഘത്തിൽ നിന്നും കേരളത്തിലുള്ള  മിഷണറിമാർക്കും വികാരി അപ്പോസ്റ്റലിക്കാക്കും ഇത്തരം ക്രൂരതകൾക്കെതിരെ അതി കർശനമായ ശാസന     നല്കി കത്ത് അയച്ചിട്ടുള്ളതായി ചരിത്ര രേഖകളിൽ കാണാവുന്നതാണ് .(വർത്തമാന പുസ്തകം വടവാതൂർ 1989 പേജ് 52 അടിക്കുറിപ്പ് 6 )
ഈ സംഭവത്തിൽ മാർത്തോമ്മാ നസ്രാണികൾക്കു അതീവ വേദനയുണ്ടാകുകയും ഇടപ്പള്ളി പള്ളിക്കാരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് മെത്രാനും പാതിരിമാരും ചേർന്ന് ഇടപ്പള്ളി പള്ളി കുറേനാളത്തേക്കു മുടക്കി പൂട്ടിയിട്ടു. (വര്ത്തമാന പുസ്തകം വടവാതൂർ പേജ് 53  )

പിന്നീട് വരാപ്പുഴ  വികാരി അപോസ്റ്റോലിക്ക യായിരുന്ന  ബിഷപ്പ് ഫ്ലോറെൻസ് നിര്യാതനായപ്പോൾ മരണാനന്തര ചടങ്ങുകളിൽ മാർത്തോമ്മാ നസ്രാണികൾക്കു നേരിട്ട  അപമാനവും കൂടി  ചേർന്ന സാഹചര്യത്തിലാണ്  1773 ഓഗസ്റ്റ് 20 നു അങ്കമാലി മാർ ഹോർമിസ് പള്ളിയിൽ ഒരു  മഹാ യോഗം നടത്തിയത്. ഈ യോഗത്തിൽ പാതിരിമാരുടെ പ്രതിനിധിയായി അന്നത്തെ അപ്പോസ്തോലിക വിസിറ്റർ ആയിരുന്ന ലോറൻസ് ജസ്റ്റിയാനി പങ്കെടുക്കുകയും മേലാൽ മാർത്തോമാ നസ്രാണികളുടെ പട്ടക്കാരെ സഭാനിയമങ്ങൾക്കനുസരിച്ചല്ലാതെ  ശിക്ഷിക്കുകയോ തടവിലാക്കുകയോ ആല്മീയ ക്രിയകൾ കൂടാതെ ബഹുമാനമില്ലാത്ത സ്ഥലത്തു സംസ്കരിക്കുകയോ ചെയ്യുകയില്ലയെന്നു രേഖാമൂലം ഉറപ്പു നൽകുകയും ചെയ്തു . (ബർണാർഡ് തോമ 2 പേജ് 185, വർത്തമാന പുസ്തകം വടവാതൂർ 1989 പേജ് 56 അടിക്കുറിപ്പ് 3 ,  )

ഈ കലുഷിത സാഹചര്യത്തിലാണ്  1887 ലെ   അങ്കമാലി പടിയോലയും തുടർന്ന് കരിയാറ്റിൽ യൗസേഫ് മല്പാനും പാറേമ്മാക്കൽ തൊമ്മൻ കത്തനാരും നടത്തിയ പ്രസിദ്ധമായ റോമാ യാത്രയും നടന്നത് .

 ചമ്പക്കുളത്തെ പൂത്തറ കോര കത്തനാരുടെ നാളാഗമത്തിൽ   ഇക്കാക്കോ കത്തനാർ ചമ്പക്കുളത്തെ പ്രധാന പെരുന്നാളിനു  പ്രദക്ഷിണത്തിൽ പ്രധാന നേതൃത്ത്വം വഹിക്കാനുള്ള ദേശത്തു പട്ടക്കാരുടെ (ഇടവകക്കാരായ വൈദികരുടെ ) അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുകയും, പാതിരിമാരോടു കൂടി വന്നവർ പള്ളിയിലെ വിലയേറിയ ആടയാഭരണങ്ങൾ കൈക്കലാക്കി കൊണ്ടുപോകുന്നത് തടയുന്നതിന് നേതൃത്വം വഹിക്കുകയും ചെയ്തത് മൂലം  പാതിരിമാരുടെ വിദ്വേഷത്തിന് പാത്രമാകുന്നതായി  നമുക്ക്  കാണാം. ഈ വിദ്വേഷം പാതിരിമാർ വാരാപ്പുഴയിൽ വച്ച് തീർക്കുകയാണുണ്ടായത്. 

വരാപ്പുഴ പള്ളിയിൽ പെരുന്നാളാഘോഷത്തിനിടെ സ്വർണ്ണം കൊണ്ടുള്ള അരുളിക്ക കാണാതായപ്പോൾ   അതിൽ പങ്കെടുത്ത ഇക്കാക്കോ കത്തനാരെ കുറ്റമാരോപിച്ചു വിചാരണ ചെയ്യുകയും സാക്ഷി മൊഴികളോ തെളിവുകളോ ഇല്ലാതെ ബലമായി തടവിൽ പാർപ്പിക്കുകയും ദണ്ഡനത്തിനു വിധേയനാക്കുകയും പട്ടിണിക്കിടുകയും ചെയ്തു  വധിച്ചു.(വർത്തമാന പുസ്തകം വടവാതൂർ , 1989 പേജ് 53 )

നാട്ടിലെ നിയമവ്യവസ്ഥയിൽ രാജകീയ കോടതിയിലെ വിധിയും  പ്രൊപ്പഗാണ്ട തിരുസംഘത്തിലെ നിർദ്ദേശങ്ങളും അപ്പസ്തോലിക വിസിറ്റർ ലോറൻസ് ജസ്റ്റിയാനി യുടെ രേഖയും കണക്കിലെടുത്താൽ വിദേശ മിഷനറിമാർ ഇക്കാക്കോ കത്തനാരെ അന്യായമായി തടവിലാക്കി പീഡിപ്പിച്ചു വധിച്ചു എന്ന് മനസ്സിലാക്കാവുന്നതാണ് .അവസാന സമയം കുമ്പസ്സാരിച്ചു കുർബാന സ്വീകരിക്കാൻ അപേക്ഷിച്ചതിൽനിന്നുതന്നെ അദ്ദേഹം ദൈവതിരുമുമ്പാകെ മഹത്വ പൂർണമായ ഇടം നേടി എന്ന് നമുക്ക് ന്യായമായും വിശ്വസിക്കാൻ സാധിക്കും.

വിദേശ മേൽക്കോയ്മയിൽ വളർന്ന നമ്മുടെ സഭ അദ്ദേഹത്തിന്റെ ഓർമ്മയോട് നീതി പുലർത്തിയില്ല എന്നത് ഒരു ദുഃഖ സത്യമാണ് .ഇത്തരുണത്തിൽ ചമ്പക്കുളം കല്ലൂർക്കാട് ക്രൈസ്തവ സമൂഹം അദ്ദേഹത്തിന്റെ ഓർമ്മയോട് ആദരവും ബഹുമാനവും കാണിക്കേണ്ടത് വളരെ ന്യായവും യുക്തവുമാണ്.

ഭാരതത്തിലെ പ്രാദേശിക സഭയായ മാർത്തോമാ നസ്രാണി സഭയുടെ പളളി നിയമങ്ങൾക്കും ആചാരങ്ങൾക്കും വേണ്ടിയും വിദേശ മേൽക്കോയ്മക്കെതിരെയും ശക്തമായ നിലപാടെടുത്ത ഇക്കാക്കോ കത്തനാർ ഈ പ്രാദേശിക സഭയുടെ വീരനായ രക്തസാക്ഷിയാണ് .അന്യായമായി കുറ്റാരോപിതനായി രക്തസാക്ഷിത്വം വരിച്ച അദ്ദേഹത്തിന്റെ ഓർമ്മ നിലനിർത്തേണ്ടത് ഈ പ്രാദേശിക സഭയുടെ കടമയാണ് .



ചിത്രത്തിനു കടപ്പാട് ജൂഡ്‌സൺ കൊച്ചുപറമ്പിൽ

References.
Paremmakkal Thomman Cathanar,Varthaman pusthakam, vadavathoor 1989 edition.
Xavier Koodapuzha, Bharatha sabha Charithram.
E R Hamye, History of Christianity in India, Vol 3
Bernardu Thomas Alencherry, Keralathile Marthoma Kristhyanikal 1917
https://www.nasrani.net/2012/07/01/ikkako-kathanar-the-forgotten-martyr/
https://www.nasrani.net/Champakulam+Kalloorkkadu+Marth+Maryam+Basilica+and+Poothara+manuscript
https://www.nasrani.net/2017/02/13/20170213champakulam-kalloorkkadu-marth-maryam-basilica-a-jewel-in-the-universal-church/
https://www.nasrani.net/2010/01/30/champakulam-kalloorkkadu-st-marys-church/

Comments

Post a Comment